തിരൂർ: ഓട്ടോറിക്ഷയിൽ വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ മൂന്ന് പേരെ തിരൂർ പോലീസ് പിടികൂടി. തിരൂർ റിംഗ് റോഡ് പരിസരത്ത് നിന്നാണ് പുറത്തൂർ സ്വദേശി വലിയവീട്ടിൽ ആബിദ് അലി(38), വെട്ടം സ്വദേശികളായ കുട്ടൻപള്ളി മുഹമ്മദ് അർഷദ്(28), രായിൻ മരക്കാരകത്ത് തമീം(35) എന്നിവർ വ്യാഴാഴ്ച രാത്രിയിൽ നടന്ന പ്രത്യേക പരിശോധനയ്ക്കിടെ പോലീസിന്റെ പിടിയിലായത്. പോലീസിനെ കണ്ട് കൈവശം വെച്ച് ഉപയോഗിക്കുകയായിരുന്ന മയക്കുമരുന്ന് ഒരാൾ ചെളിയിൽ ഉപേക്ഷിക്കുന്നത് കണ്ട് പരിശോധന നടത്തിയതിൽ ഓട്ടോയിൽ നിന്ന് ഒരു പാക്കറ്റ് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൂന്ന് ഓട്ടോറിക്ഷകളും പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ സി.ഐ ജിജോ എം.ജെ, എസ്.ഐ പ്രദീപ് കുമാർ സി.പി.ഒ മാരായ രതീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് . തിരൂരിൽ ഓട്ടോ ഡ്രൈവർമാരായ ഇവർ മയക്കുമരുന്നു വില്പനയുടെ കണ്ണികളാണോയെന്ന് സംശയിക്കുന്നതായും യാത്രക്കാരുടെ സുരക്ഷയെ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിശോധന തുടരുമെന്നും തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു പറഞ്ഞു.
Tags:
crime