പോലീസിന്റെ മിന്നൽ പരിശോധന; പിടികിട്ടാപുള്ളികൾ പിടിയിൽ


മലപ്പുറം: ജില്ലയിൽ സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായും  ജില്ലയിലെ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനുമായി  ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ കുറ്റകൃതങ്ങളിൽ ഏർപ്പെട്ട് വരുന്ന നിരവധി കുറ്റവാളികളെ പിടികൂടി. പരിശോധനയിൽ ഒറ്റദിവസം മാത്രം 671 കേസുകൾ രജിസ്റ്റർ ചെയ്യുകയും, നിരവധി മയക്കു മരുന്ന്/ലഹരി  വിൽപ്പനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറിമാഫിയകൾ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളായ നിരവധി പേരും പോലീസ് പിടിയിലായി. 

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ നടത്തിയ പരിശോധനയിൽ മയക്കു മരുന്ന് ഇനത്തിൽപ്പെട്ട10.55 കിലോഗ്രാമുമായി അഫ്സൽ, 30/23, S/o സജീന, കരിക്കാത്തറ വീട്, കാവുംപുറം, തൊഴുവാനൂർ എന്നയാളെ പിടികൂടി. കൽപ്പകഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ 1. മുഹമ്മദ് ഫാരിസ്, 21/23, S/o സുലൈമാൻ, പാവുശനകത്ത് പൊന്മുണ്ടം, 2. അഷ്മിൽ, 18/23, S/oഷെമിൽ, ചിറക്കൽ വീട്, വെള്ളച്ചാൽ എന്നിവരിൽ നിന്നും 0.50 ഗ്രാം MDMA യും പിടികൂടി. മയക്കു മരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം ജില്ലയിൽ 100 ഓളംകേസുകൾ രജിസ്റ്റർ ചെയ്തു. മയക്കു മരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ വരും ദിവസങ്ങളിൽ പിടിയിലാക്കാനുള്ള നിരന്തര ശ്രമത്തിലാണ് ജില്ലാ പോലീസ്.

അനധികൃത മണൽ കടത്ത് നടത്തിയതിന് 8 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  അനധികൃതമായി ലോട്ടറി ചൂതാട്ടം നടത്തുന്നതിനെതിരെയുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി 37 കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

അനധികൃതമായി മദ്യം കൈവശം വെച്ചതിനും, വിൽപ്പന നടത്തിയതിനും, പൊതു സ്ഥലത്ത് വെച്ച് മദ്യപിച്ചതിനുമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 104 കേസുകൾ രജിസ്റ്റർ ചെയ്ത് കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ കേസുകളിൽ പോലീസിനെ ഒളിച്ചും, കോടതിയിൽ ഹാജരാകാതെയും ഒളിവിൽ താമസിച്ചിരുന്ന 25 പ്രതികളും, ജാമ്യമില്ലാ വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 138 പ്രതികളും ഉൾപ്പെടെ 163 കുറ്റവാളികളെയാണ് പോലീസ്ഒറ്റ ദിവസം കൊണ്ട് പിടികൂടി നിയമത്തിന് മുമ്പിൽ ഹാജരാക്കിയത്.

കൂടാതെ ജില്ലയിലെ അതിർത്തികളും, പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ വാഹന പരിശോധനയിൽ 4978 വാഹനങ്ങൾ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയും അവയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എ.എസ്.പിമാർ, ഡി.വൈ.എസ്.പിമാർ, പോലീസ് ഇൻസ്പെക്ടർമാർ, എസ്.ഐ മാർ ഉൾപ്പെടെയുള്ള വലിയ വിഭാഗം പോലീസ് സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണ് പോലീസ് പ്രത്യേകം പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങൾ തടയുന്നതിന് തുടർന്നും ഇത്തരത്തിലുള്ള പരിശോധനകൾ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

Previous Post Next Post