കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. ഇത് നടപ്പാക്കാൻ ഡോ. കെ പ്രതിഭ പലവട്ടം സർക്കാറിനെ സമീപിച്ചിട്ടും നടക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് സർക്കാർ ഉത്തരവിറക്കാൻ നിർബന്ധിതമായത്.
പൊലീസ് പ്രതികളെ മൂന്നാം മുറ പ്രയോഗം ഉൾപ്പെടെ നടത്തുന്നത് തടയുവാൻ ലക്ഷ്യം വച്ചായിരുന്നു ഡോ. പ്രതിഭയുടെ നിയമ പോരാട്ടം. എന്നാൽ ഇന്ന് പുലർച്ചെ കൊട്ടാരക്കരയിൽ പൊലീസ് എത്തിച്ച ആളെ പരിശോധിക്കുന്നതിനിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതോടെയാണ് ഡോ. പ്രതിഭ നടത്തിയ പോരാട്ടത്തിൻ്റെ പത്ര കട്ടിങ്ങ് സഹിതം സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നത്.
എന്നാൽ പൊലീസുകാർ സമീപത്ത് ഉള്ളപ്പോഴായിരുന്നു ലഹരിക്ക് അടിമയായ സന്ദീപ് ഡോക്ടറെ കുത്തി കൊന്നത്. 2 പൊലീസുകാർക്കും കുത്തേറ്റിട്ടുണ്ട്.