പരാതിയുമായെത്തിയവർക്ക് കൈത്താങ്ങായി മന്ത്രിമാർ: 115 പരാതികൾക്ക് പരിഹാരമായി


മഞ്ചേരി: പൊതുജനങ്ങൾക്ക് ആശ്വാസമായി 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഞ്ചേരിയിൽ നടത്തിയ അദാലത്തിൽ 115 പരാതികൾക്ക് പരിഹാരമായി. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 881 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 115 പരാതികൾ തത്സമയം പരിഹരിച്ചു. ഓൺലൈനിലൂടെ 612 പരാതികളാണ് ലഭിച്ചത്. 269 പുതിയ പരാതികളും ലഭിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 26 പരാതികൾക്ക് അദാലത്തിൽ പരിഹാരം കണ്ടു. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതി ലഭിച്ചിട്ടുള്ളത്. എം.എൽ.എമാരായ യു.എ ലത്തീഫ്, പി.കെ ബഷീർ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, സബ് കളക്ടർ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കളക്ടർ കെ എസ് അഞ്ജു എന്നിവർ പങ്കെടുത്തു.

ജനങ്ങളുടെ പരാതികൾ സുതാര്യമായി പരിഹരിക്കും

ജനങ്ങളുടെ മുഴുവൻ പരാതികളും സുതാര്യമായി പരിഹരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനങ്ങളിലേക്കെത്തി പരാതികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് നടത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് അദാലത്തിനെ ജനങ്ങൾ കാണുന്നത്. പരിഹരിക്കാൻ കഴിയുന്ന മുഴുവൻ പരാതികളും അദാലത്തിൽ തീർപ്പാക്കുന്നുണ്ട്. മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പരിഹാരം കാണും. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നത് സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് തീരദേശങ്ങളിലും വന അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും പ്രത്യേക സദസ്സുകൾ നടത്തിയത്. അദാലത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. പങ്കെടുക്കാത്ത ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post