Top News

എം.ടി മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരനെന്ന് മുഖ്യമന്ത്രി


തിരൂർ: താന്‍ ജീവിച്ച കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും വൈകാരികമായി പ്രതിഫലിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ്  എം.ടി വാസുദേവന്‍നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച സാദരം എം.ടി ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന കാലത്തിലാണ് എം.ടി ജീവിച്ചത്. ഫ്യൂഡലിസത്തിന്റെ തകര്‍ച്ച ഉള്‍പ്പെടെ നാട്ടിലുണ്ടായ മഹാപരിവര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ പ്രതിഫലിപ്പിച്ചു. നവോത്ഥാന ആശയങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് ആശയങ്ങളും  ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. വിദ്വേഷരാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം.ടി തന്റെ രചനകളില്‍ ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും കേരളത്തില്‍ പണ്ടുമുതലേ ശത്രുക്കളായിരുന്നുവെന്ന് പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ അതങ്ങനെയല്ല എന്ന് തെളിയിക്കുന്നതാണ് എം.ടിയുടെ കൃതികള്‍. തുഞ്ചന്‍ സ്മാരകത്തെ മതേതരവും ജനകീയവുമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞതും എം.ടിയുടെ ഈ കാഴ്ചപ്പാടുകൊണ്ടാണ്. അതിനദ്ദേഹത്തിന് പലതരം ചെറുത്തുനില്‍പ്പുകള്‍ ആവശ്യമായി വന്നിട്ടുണ്ട്.  സാംസ്‌കാരികപ്രവര്‍ത്തനം എങ്ങനെയാവണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തുഞ്ചന്‍ സ്മാരകത്തിലൂടെ എം.ടി നല്‍കിയത്. തുഞ്ചന്‍ സ്മാരക ട്രിസ്റ്റിനും ഗവേഷണ കേന്ദ്രത്തിനും കലവറയില്ലാത്ത പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഒരുരൂപപോലും പാഴായിപ്പോകില്ലെന്നും കിട്ടുന്ന പണത്തെ ഒന്നുകൂടി പൊലിപ്പിക്കാനേ എം.ടി ശ്രമിക്കൂ എന്നും തനിക്ക് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് കിട്ടിയതും ഇനി കിട്ടാനിരിക്കുന്നതുമായ  എല്ലാ പുരസ്‌കാരങ്ങളും എം.ടിയുടെ കാല്‍ക്കീഴില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പറഞ്ഞു.  എം.ടിയില്ലാതെ മലയാളഭാഷയില്ല. ഭാഷയുള്ള കാലം എം.ടി നിലനില്‍ക്കും. മലയാളികള്‍ സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ മാത്രമല്ല, എം.ടിയുടെ എത്രയോ കഥാപാത്രങ്ങളെ താന്‍ ആരുമറിയാതെ സ്വപ്‌നത്തിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് മോഹമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. തന്നിലെ നടനെ പരിപോഷിപ്പിക്കുന്നതില്‍ എം.ടിയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചേട്ടനോ  പിതാവോ സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് തരത്തിലും തനിക്ക് എം.ടിയെ സമീപിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  പി. നന്ദകുമാര്‍ എം.എല്‍.എ, എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post