Top News

സ്‌കാനിങ് മെഷിൻ തകരാർ; 40 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി


മലപ്പുറം: ചികിത്സാലയത്തിലേക്ക് വാങ്ങിയ സ്‌കാനിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ ഡോക്ടർ നൽകിയ പരാതിയിൽ യന്ത്രത്തിന്റെ വിലയായ 35,70,600 രൂപ വാങ്ങിയ തീയതി മുതൽ 9 ശതമാനം പലിശ സഹിതവും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും നൽകാൻ വിധി. കോടതി ചെലവായി 20,000 രൂപയും നൽകണം. ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാൽ വിധി തീയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

വേങ്ങരയിലെ ഡോ. റാണി ബി ചിറ്റൂർ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. അഫിനിറ്റി 30 മോഡൽ അൾട്രാ സൗണ്ട് സ്‌കാനിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടർന്നാണ് ഡോക്ടർ പരാതി നൽകിയത്. കൂടുതൽ കാലം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും ഫലപ്രദമായ സേവനം നൽകുമെന്നും ഉറപ്പ് നൽകിയാണ് കമ്പനി യന്ത്രം നൽകിയത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രവർത്തന രഹിതമായി. രോഗികളെ പരിശോധിക്കുന്നതിനിടക്കാണ് യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചത്. കമ്പനി ടെക്നീഷ്യൻമാർ പരിശോധിച്ചെങ്കിലും യന്ത്രം നന്നാക്കാൻ കഴിഞ്ഞില്ല. ചികിത്സാലയത്തിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നതായും ഡോക്ടർ പറയുന്നു.

Post a Comment

Previous Post Next Post