പകര്‍ച്ചപ്പനി വ്യാപനം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്


മലപ്പുറം: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ  സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ആവശ്യപ്പെട്ടു. കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാവൂ. കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ കാത്തുനില്‍ക്കാതെ എല്ലാവരും മുന്നിട്ടിറങ്ങണം. അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികള്‍ സ്കൂളുകളില്‍ വരുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.    

ഡെങ്കിപ്പനി ബാധിച്ച് 2 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. പോരൂര്‍, മാറഞ്ചേരി പ്രദേശങ്ങളിലാണ് ഡെങ്കി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വണ്ടൂര്‍, മേലാറ്റൂര്‍ തുടങ്ങി റബ്ബര്‍ പ്ലാന്റേഷനുകള്‍ കൂടുതലുള്ള മേഖലകളിലാണ് ഡെങ്കി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയോടൊപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  കൊതുകിന്റെ ഉറവിടം ഇല്ലാതാക്കാന്‍ വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ഡ്രൈഡേ ആചരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ജില്ലയിലെ പകർച്ചവ്യാധി രോഗങ്ങളുടെ  നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി  ഏകോപനം ചെയ്ത് നടപ്പിലാക്കുന്നതിനുമായി ജില്ല വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിൽ  വിവിധ വകുപ്പ് മേധാവികളുടെ ജില്ലാതല കമ്മിറ്റി യോഗം ചേർന്നു.  വിവിധ വകുപ്പുകൾ  ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫീസർ യോഗത്തിൽ വിശദീകരിച്ചു.

Post a Comment

Previous Post Next Post