Top News

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം, 50 പേർ മരിച്ചതായി റിപ്പോർട്ട്


ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. 50 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഷാലിമറിൽ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത- ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് കോറമണ്ഡൽ എക്‌സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി സമീപത്തെ പാളത്തിലേക്ക് മറിയുകയും അതിലൂടെ കടന്നു പോകുകയായിരുന്ന ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ആ ബോഗികളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 

അപകടത്തിൽ 50 പേർ മരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്‌സ് ട്രെയിൻ. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികൾ മറിഞ്ഞു. ഇതുവരെ അൻപതോളം ആംബുലൻസുകൾ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ചുമതലപ്പെടുത്തി. ബാലസോർ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു. ഇതിനു പുറമേ രക്ഷാപ്രവർത്തനത്തിനായി അഞ്ച് പ്രത്യേക സംഘങ്ങളെയും അയച്ചതായി മമത ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്.


Post a Comment

Previous Post Next Post