വീട്ടുവാടകയടക്കാൻ സഹായം ചോദിച്ചെത്തി, ഒരു വീട് തന്നെ നൽകി ഭാസ്‌കരൻ പിള്ള


മലപ്പുറം: വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലൻതൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് എടക്കര പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഭാസ്‌കരൻ പിള്ളയുടെ അടുത്തെത്തിയത്. ഉടൻ തന്നെ പിള്ള വീടിന്റെ താക്കോൽ എടുത്തു കൊടുത്തു.

സാഹിറയ്ക്ക് അറിയില്ലായിരുന്നു, സ്വന്തമായിട്ട് ഒരു വീടിന്റെ താക്കോലാണ് നൽകിയത് എന്ന്. അഞ്ചു സെന്റ് ഭൂമിയും വീടുമാണ് നൽകിയത്. സാഹിറയ്ക്ക് മാത്രമല്ല ഇത്തരത്തിൽ നിരവധി വീടുകൾ നൽകി മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഇദ്ദേഹം.

സഹായം ചോദിച്ച് സാറിന്റെ അരികിൽ പോയി. സാർ താക്കോൽ തന്നെ തന്നു. വളരെ സന്തോഷമുണ്ട്. ആദ്യം വാടകയ്ക്കാണ് വീട് തന്നത് എന്നാണ് കരുതിയത്. എന്നാൽ സ്വന്തമായിട്ട് എടുത്തോളാൻ സാർ പറഞ്ഞു. സാർ തന്നത് ഒരു കൊട്ടാരമാണെന്ന് സാഹിറ പറഞ്ഞു.

ജീവിക്കാൻ മാർഗമില്ലാതെ, അന്തിയുറങ്ങാൻ വീടില്ലാതെ കുട്ടികളുമായി സാഹിറ വന്നപ്പോൾ സഹായിക്കുകയായിരുന്നുവെന്ന് ഭാസ്‌കരൻ പിള്ള. 'ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി തൊട്ടടുത്ത് ഒന്നുരണ്ടു വീടുകൾ വാങ്ങിയിട്ടിട്ടുണ്ടായിരുന്നു. ഇതിൽ ഒന്നാണ് നൽകിയത്. കഷ്ടപ്പെടുന്നവർക്ക് കൈയിലുള്ളത് കൊടുക്കുക എന്നത് മനുഷ്യ ധർമ്മമാണ്. ഇതാണ് ഞാൻ ഇവിടെ ചെയ്തത്. മറ്റൊന്നും പ്രതീക്ഷിക്കാതെ ഇനിയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്'-ഭാസ്‌കരൻ പിള്ള പറയുന്നു.


Post a Comment

Previous Post Next Post