വിവിധ രോഗങ്ങൾക്കായി ഡോക്ടർമാർ നിർദേശിച്ച് രോഗികൾ ഉപയോഗിച്ചു വന്ന 14 കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ചു


തിരൂർ: വിവിധ രോഗങ്ങൾക്കായി ഡോക്ടർമാർ നിർദേശിച്ച് രോഗികൾ ഉപയോഗിച്ചു വന്ന 14 കോമ്പിനേഷൻ മരുന്നുകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം നിരോധിച്ചു. 

രോഗികളിൽ പരീക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ ഇത്തരം മരുന്നുകൾ ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാനത്ത് വിൽപ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചു കൊണ്ട് കേന്ദ്രം ഉത്തരവ് ഇറക്കിയത്.  2023 ജൂണിൽ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് മരുന്നുകൾ നിരോധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടികൾ തുടങ്ങി. ആശുപത്രികൾ, മൊത്ത വിൽപ്പനക്കാർ, ചില്ലറ വിൽപ്പനക്കാർ, ഫാർമസികൾ തുടങ്ങിയവ നിരോധിത മരുന്നുകളുടെ വിതരണവും വിൽപ്പനയും ഉടൻ നിർത്തിവയ്ക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉത്തരവിട്ടു. നിരോധിച്ച കോമ്പിനേഷൻ മരുന്നുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിലെ വിവിധ കമ്പനികളുടെ പേരിൽ നിർമ്മിച്ചവയും സംസ്ഥാനത്തേക്ക് വൻതോതിൽ എത്തിക്കുന്നവയുമാണെന്ന് പരിശോധനയിൽ വിവരം ലഭിച്ചു. ശ്വാസം കോശ രോഗങ്ങൾ, പനി, ചുമ, കഫക്കെട്ട്, മറ്റു ശാരീരിക അസ്വസ്ഥതകൾ എന്നിവയ്ക്കായി ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നുകളാണ് കൂടുതലായി എത്തുന്നത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇത്തരം മരുന്നുകൾ ഏജൻസികൾ വൻതുക കമ്മിഷൻ പറ്റിയും പല ഡോക്ടർമാരെയും സ്വാധീനിച്ചും വൻതോതിൽ വിറ്റഴിക്കുന്നതായി ഡ്രഗ്സ് കൺട്രോൾ ബോർഡ് ഇൻസ്പെക്ടർമാർ പറഞ്ഞു. 

സംസ്ഥാനത്ത് നിരോധിച്ച 14 കോമ്പിനേഷൻ മരുന്നുകൾ:

1 - നിമെസൂലിഡ് ,പാരസെറ്റമോൾ, ഡിസ്പേർഷ്യബിൾ ഗുളികകൾ

2- അമേക്സിസിലിൻ, ബ്രോ മെക്സിൻ.

3-ഫോൽക്കോഡിൻ, പ്രോമെത്താസിൻ

4-ക്ലോർഫെനിറാമിൻ മെലെറ്റ്, ഡെക്സ്ട്രോ മെത്തോർഫെൻ, ഗ്വായ് ഫെനസിൻ, അമോണിയം ക്ലോറൈഡ് മെന്തോൾ

5- ക്ലോർഫെനിറാമിൻ മെലെറ്റ്, കേഡെയ്ൻ സിറപ്

6- അമോണിയം ക്ലോറൈഡ്, ബ്രോമെക്സിൻ, ഡെക് സ്ട്രോമെത്തോർഫെൻ

7- ബ്രോമെക്സിൻ, ഡെകസ്ട്രോ മെത്തോർഫെൻ, അമോണിയം ക്ലോറൈഡ്, മെന്തോൾ

8- ഡെക്സ്ട്രോ മെത്തോർഫെൻ, ക്ലോർഫെനിറാമിൻ, ഗ്വായ് ഫെനസിൻ, അമോണിയം ക്ലോ റൈഡ്

9 - പാരസെറ്റമോൾ, ബ്രോമെക്സിൻ, ഫെനിലെഫ്രിൻ, ക്ലോർ ഫെനിറാമിൻ, ഗ്വായ് ഫെനസിൻ

10- സാൽബുറ്റാമോൾ, ബ്രോമെക്സിൻ

11- ക്ലോർ ഫെനിറാമിൻ, കോഡെയ്ൻ ഫോസ്ഫേറ്റ്,മെന്തോൾ സിറപ്

12- ഫെനിറ്റോയിൻ, ഫിനോ ബാർബിറ്റോൺ സോഡിയം

13 - അമോണിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, ക്ലോർ ഫെനിറാമിൻ മെലറ്റ്, മെന്തോൾ

14- സാൽബുറ്റാ മോൾ, ഹൈഡ്രോക്സ്ത്തിൽകോഫൈലിൻ, ബ്രോമെക്സിൻ.

നിരോധിച്ച കോമ്പിനേഷൻ മരുന്നുകൾ സ്റ്റോക്ക് ഉടൻ വിതരണക്കാർക്ക് തിരിച്ചയക്കണമെന്ന് എല്ലാ വിൽപ്പനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഫസ്റ്റ് പോയിൻ്റ് സെല്ലർ, മൊത്ത വിതരണക്കാർ എന്നിവർ മേൽ മരുന്നുകളുടെ വിതരണം ഉടൻ നിർത്തണമെന്നും മാർക്കറ്റിലുള്ള മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്ത് വിശദാംശങ്ങൾ രേഖാമൂലം കോഴിക്കോട് അസി.ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

വിവിധ കമ്പനികളുടെ മരുന്നുകൾ വിപണിയിൽ ഇറക്കി രോഗികളിൽ പരീക്ഷണം നടത്തും മുൻപ് ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാനത്ത് സർക്കാർ സംവിധാനമില്ലാത്തതാണ് ഗുരുതരമായ പ്രശ്നത്തിന് ഇടയാക്കുന്നതെന്ന് ഓൾ കേരള മെഡിക്കൽ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ ആരോപിച്ചു.

Post a Comment

Previous Post Next Post