കുഴൽപ്പണം തട്ടിയെടുത്ത കവർച്ച സംഘം അറസ്റ്റിൽ


തിരൂർ: തിരൂരിൽ കൈമാറാൻ എത്തിച്ച കുഴൽപ്പണം വിതരണക്കാരനെ  അക്രമിച്ച് തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികളായ മൂന്നു പേരെ തിരൂർ പോലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി പാറയിൽ വിളക്കത്ത് സമ്പത്ത് (29) വെമ്പായം സ്വദേശി കുന്നുംപുറത്ത് തടത്തരികത്ത് അഭിജിത്ത്(26) ചീരാണിക്കര സ്വദേശി അഖിൽ ഭവനത്തിൽ അഖിൽ(23) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നും പിടികൂടിയത്. ജൂലൈ ആറാം തീയതി വേങ്ങര സ്വദേശി കൊടക്കൽ ഭാഗത്ത് പണം കൈമാറാനായി പോകവേ ബൈക്കിൽ എത്തിയ മൂവർ സംഘം ഇയാളെ അക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.  പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. കുഴൽപ്പണ വിവരം പരാതിക്കാരൻ ആദ്യം മറച്ചുവെച്ചെങ്കിലും പോലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് യഥാർത്ഥ വിവരം പുറത്തു പറയുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാലും പ്രതികൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതും ഹെൽമറ്റ് ധരിച്ച് വിജനമായ റോഡിൽ വെച്ച് കൃത്യം നടത്തിയതിനാലും തുടക്കത്തിൽ ദുഷ്കരമായ അന്വേഷണം പിന്നീട് പോലീസ് ശാസ്ത്രീയമായ രീതിയിൽ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം നടത്തിയതിൽ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. കൃത്യം നടത്തിയ മൂന്നു പേരെ കൂടാതെ പുറത്ത് മറ്റൊരു ബൈക്കിൽ കാത്തുനിന്ന സംഭവത്തിന്റെ സൂത്രധാരനും ഉൾപ്പെടെ നാലുപേർ ചേർന്ന് തട്ടിയെടുത്ത സ്കൂട്ടർ ബീരാഞ്ചിറ ഭാഗത്ത് വെച്ച് പണവും മൊബൈൽ ഫോണും കൈക്കലാക്കി ഉപേക്ഷിച്ച് ചമ്രവട്ടം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തിരുനാവായ ഭാഗത്ത് നിന്നും തുടങ്ങി തൃശ്ശൂർ ഭാഗത്ത് വരെ ഇരുന്നൂറോളം സി.സി.ടി.വികൾ പരിശോധിച്ചു വരവേ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ബൈക്കുകളുമായി യാത്ര തുടർന്നത് കേസിലെ വഴിത്തിരിവായി. തിരൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ സംഭവത്തിനു തലേദിവസം പ്രതികൾ തിരൂരിൽ താമസിച്ചതായ വിവരവും ലഭിച്ചു. പ്രതികളുടെ കൃത്യമായ മേൽവിലാസവും മറ്റു വിവരങ്ങളും മനസ്സിലാക്കി കഴിഞ്ഞദിവസം നെടുമങ്ങാട് വെച്ച് കസ്റ്റഡിയിലെടുത്തു. കവർച്ചയുടെ സൂത്രധാരൻ  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയെ പോലീസ് അന്വേഷിച്ചു വരികയാണ്. ലഭിച്ച പണം തുല്യമായി വീതം വെച്ചതായി പ്രതികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പരാതിക്കാരന്റെ ഉപേക്ഷിക്കപ്പെട്ട വാഹനം പോലീസ് ബീരാഞ്ചിറ ഭാഗത്ത് വെച്ച് കണ്ടെടുത്തു. തിരൂർ സി.ഐ എം.ജെ ജിജോ എസ്.ഐ പ്രദീപ് കുമാർ, മണികണ്ഠൻ സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ സി.പി.ഒ മാരായ ധനീഷ് കുമാർ, അക്ബർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ് എ.എസ്.ഐ ജയപ്രകാശ്, രാജേഷ്, സീനിയർ സി.പി.ഒ ജയപ്രകാശ്, സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ കുഴൽപ്പണം തട്ടിയെടുക്കുന്ന സംഭവം നിരവധി നടക്കുന്നുണ്ടെങ്കിലും യഥാർത്ഥ വിവരം മറച്ചുവെച്ച് പരാതിപ്പെടുന്നതിനാൽ  പ്രതികൾ കുറ്റകൃത്യം തുടർന്നുകൊണ്ടിരിക്കുകയാണ്. പിടിയിലായ പ്രതികൾ മുൻപും ഇത്തരത്തിലുള്ള കവർച്ച നടത്തിയതായി വിവരം പോലീസിന് നൽകിയിട്ടുള്ളതാണ്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post